Tuesday, July 9, 2013

പുറത്താക്കല്‍


“ മാഷേ.... മാ...ഷെ.... “ 

നീട്ടിയുള്ള വിളികേട്ട് കരുണന്‍ മാഷൊന്നു നിന്നു. തൊട്ടടുത്തെ മാവിന്‍റെ കൊമ്പിലിരുന്ന്‍ വളിച്ച ചിരിയുമായി മാഷെത്തന്നെ നോക്കിയിരിക്കുന്നു ദാസന്‍.

പാതി കടിച്ച മാമ്പഴം വലതു കയ്യില്‍ പിടിച്ച് ഇടതു കൈകൊണ്ടു               തൊട്ടു മുകളിലത്തെ കൊമ്പില്‍ പിടിച്ച് ഉടുത്തിരിക്കുന്ന കള്ളിമുണ്ട് മടക്കിക്കുത്തി കാല്‍ രണ്ടും തൂക്കിയിട്ടാണ് അവന്‍റെ ഇരിപ്പ്. വലതു കൈയിലൂടെ മാങ്ങയുടെ ചാറു ഒലിച്ചിറങ്ങുന്നുണ്ട്. ഷര്‍ട്ടിടാത്ത ഇരുണ്ട ദേഹത്ത് അവിടവിടെയായി മാങ്ങയുടെ നീരുറ്റിയ പാടുകള്‍.

“ എന്താ... ദാസാ...... ക്ലാസ്സില്‍ കയറാനുള്ള ഉദ്ദേശ്യമില്ലേ നിനക്ക്, പുറത്താക്കിയപ്പോള്‍ കറങ്ങി നടക്കാന്‍ സൌകര്യമായി അല്ലേ....”

മാഷ്‌ടെ ദ്വേഷ്യത്തിന് ഒരു കുറവും വന്നിട്ടില്ലെന്ന് അവനു മനസ്സിലായി. കയ്യിലിരുന്ന മാങ്ങ കടിച്ചു പിടിച്ച് കൊമ്പില്‍ നിന്നും കൊമ്പിലേക്ക് മാറി മാറി താഴേക്ക് ഊര്‍ന്നിറങ്ങി വന്നു അവന്‍... മടിക്കുത്തഴിച്ചിട്ടതിനു ശേഷം മാമ്പഴം ഒന്നുകൂടി ആസ്വദിച്ച് കടിച്ചിട്ട് ദൂരേക്ക് വലിച്ചെറിഞ്ഞു.

“ മാഷ്‌ കാരണമല്ലേ ഞാനിങ്ങനെയായത് “

കള്ളിമുണ്ടിന്‍റെ അറ്റം കൊണ്ട് മുഖവും കൈകളും തുടച്ചിട്ട് അലസമായിട്ടാണ് അവനത് പറഞ്ഞത്.

“ ഞാന്‍ കാരണമോ... നിന്‍റെ കയ്യിലിരിപ്പ് കാരണമല്ലേ... സ്ത്രീകളുടെ മോശം ചിത്രങ്ങളാണോ ക്ലാസ്സില്‍ കൊണ്ടുവന്നു കാണിക്കുന്നത്? അതുകൊണ്ടല്ലേ അച്ഛനെ കൂട്ടിവന്നിട്ട് ക്ലാസ്സില്‍ കയറിയാല്‍ മതിയെന്ന് പറഞ്ഞത്, എന്നിട്ട്?....”

മാഷ്‌ടെ മുഖത്ത് ദ്വേഷ്യം ഇരച്ചു കയറുന്നുണ്ടായിരുന്നു, അവനാകട്ടെ അവന്‍റെ നിരപരാധിത്വം വിശദീകരിക്കാനുള്ള ഒരുക്കത്തിലും.

“ മാഷെ, ഞാനാ ചിത്രം സ്ത്രീകളുടെ മാഗസിനില്‍ നിന്നും വെട്ടിയെടുത്തതാണ്, അത്, അവര്‍ ഉള്ളിലിടുന്നതിന്റെ പരസ്യ ചിത്രമാ. എന്‍റെ ബുക്കിലിരുന്ന ചിത്രം തൊട്ടടുത്തിരുന്നവന്‍ കണ്ടെടുത്ത് കൈമാറി കൈമാറി ക്ലാസ്സില്‍ ബഹളം ഉണ്ടായതിനാ മാഷെന്നെ പുറത്താക്കിയത്. “

അവന്‍ താഴേക്ക് നോക്കി നിന്ന്‍ മുണ്ടിന്‍റെ അറ്റം തെറുത്തു കൊണ്ടിരുന്നു, തലയുയര്‍ത്തിയതും മാഷ്‌ടെ ചോദ്യം.

“ നീ അച്ഛനോട് കാര്യം പറഞ്ഞിരുന്നോ ? “

“ ങ്ങും....” അവന്‍ തലയാട്ടി .

“ എന്നിട്ട് അച്ഛന്‍ എന്ത് പറഞ്ഞു “

മാഷിന്‍റെ ദ്വേഷ്യം കുറഞ്ഞെന്ന് അവനു മനസ്സിലായി, അതിനാല്‍ അവന്‍ തുടര്‍ന്നു.

“ മാഗസിനില്‍ എല്ലാവര്‍ക്കും കാണാന്‍ വേണ്ടിയല്ലേ അത് അച്ചടിച്ചു വച്ചേക്കണത് എന്നാ അച്ഛന്‍ ചോദിച്ചത്, കൂടാതെ കവലയിലെ ഭിത്തിയിലൊക്കെ ഇതിനേക്കാള്‍ മോശം ചിത്രങ്ങളാണത്രേ ഒട്ടിച്ചു വച്ചിരിക്കുന്നത്. പിന്നേ...”

അതും പറഞ്ഞു അവന്‍ തല ചൊറിഞ്ഞുകൊണ്ട് നിന്നു

“ പിന്നെ എന്ത് പറഞ്ഞു? “

മാഷ്ക്ക് അതറിയാന്‍ ധൃതിയായി

“ ഇപ്പോ ചാനലിലെ വാര്‍ത്ത വരെ കുട്ടികള്‍ക്ക് കാണാന്‍ പറ്റാത്ത തരത്തിലാണെന്നാ അച്ഛന്‍ പറഞ്ഞത്. ഇതൊന്നും മാഷ്‌ കാണുന്നില്ലേന്നും ചോദിച്ചു. പിന്നേ.. ഇനി പഠിക്കേണ്ടെന്നാ പറയുന്നത്, പഠിച്ചു ജോലി കിട്ടിയാല്‍ കിട്ടുന്ന, ശമ്പളത്തേക്കാള്‍ കൂടുതല്‍ അച്ഛന്റെ കൂടെ ജോലിയ്ക്ക് പോയാല്‍ കിട്ടുമെന്നും പറഞ്ഞു.”

ആ ഗ്രാമത്തിലെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിയ്ക്കുന്ന മാഷ്ക്ക് ആകെ ഒരു വല്ലായ്ക തോന്നി. ഈ എട്ടാം ക്ലാസ്സുകാരനോട് എന്താണ് പറയേണ്ടത്. പോക്കറ്റില്‍ നിന്നും ടവ്വലെടുത്ത്‌ നെറ്റിയിലെ വിയര്‍പ്പുകണം ഒപ്പിയിട്ട് തുടര്‍ന്നു.

“ ദാസന്‍ പൊയ്ക്കോളൂ, അച്ഛനെക്കണ്ട് ഞാന്‍ സംസാരിച്ചോളാം. നാളെത്തന്നെ ക്ലാസ്സില്‍ കയറിക്കോളൂ. “


ദാസന്‍റെ കണ്ണുകളിലെ തിളക്കം പുഞ്ചിരിയായി രണ്ടുപേരിലേക്കും പടരുമ്പോള്‍, കരുണന്‍മാഷ്‌ സ്കൂളിലേക്കുള്ള നടത്തത്തിനു വേഗം കൂട്ടി

Wednesday, July 3, 2013

പെങ്ങൾ

ധിക്കരിച്ച്
ഇഷ്ടപ്പെട്ട പുരുഷനോടോപ്പമിറങ്ങിയ
പെങ്ങളോടൊന്നേയെനിക്ക്
പറയാനുണ്ടായിരുന്നുള്ളൂ
ഈമ്പിയ
മാങ്ങയണ്ടിപോൽ വലിച്ചെറിയപ്പെടുമ്പോൾ
ഓർക്കുക, ഈ  പൂമുഖവാതിൽ
നിനക്കായ്  തുറന്നിട്ടിരിക്കുമെപ്പോഴും
മാങ്ങയണ്ടി
ക്ഷമയോടെ കാത്തുസൂക്ഷിച്ചു
മുളപ്പിച്ചീടിനാൽ, ഉപകരിച്ചീടാം
ഭാവിയിൽ ആർക്കെങ്കിലുമേ
 

Wednesday, August 8, 2012

ബ്രേസ്‌ലറ്റ്‌



" അതേയ്‌.... നിങ്ങളിതു കണ്ടോ ? .... "
ഓഫീസിൽ നിന്നും വന്നു കയറിയതേയുള്ളൂ അയാൾ, ഷർട്ടഴിച്ചു കൊളുത്തിയിടുന്നതിനിടയിലാണ്‌ പിന്നിൽ നിന്നും ഭാര്യയുടെ വിളി.

" എന്തുവാടി.... എന്തു കണ്ടോന്നാണു.... "

തിരിഞ്ഞു നോക്കാതെയാണ്‌ ചോദിച്ചത്‌

" നിങ്ങളിങ്ങോട്ടൊന്നു നോക്കിയേ.... ഇതു കണ്ടില്ലേ , ഇതു നമ്മുടെ മോളുടെ അലമാരക്കുള്ളിൽ നിന്നും കിട്ടിയതാണ്‌ "

" ആഹാ.... കൊള്ളാമല്ലോ നല്ല ബ്രേസ്‌ലറ്റ്‌ , അവൾക്കിതെവിടുന്നു കിട്ടി? "

" അതു തന്നെയാ ഞാനും ചോദിക്കുന്നത്‌? സധാരണ , എന്തു കിട്ടിയാലും നമ്മളെ കാണിക്കുന്ന അവൾ, ഇതെന്തേ ഒളിച്ചു വച്ചത്‌ , ഇതിലെന്തോ കുഴപ്പമുണ്ട്‌ , ഇനി അവൾക്കിത്‌ വല്ലവനും സമ്മാനിച്ചതാവുമോ !..... "

" എടീ... നീ വേണ്ടാത്തതൊന്നും ചിന്തിക്കേണ്ട , ചിലപ്പോൾ അവളുടെ  കൂട്ടുകാരികൾ ആരെങ്കിലും  കൊടുത്തതാണെങ്കിലോ ? "

അയാളതത്ര കാര്യമാക്കാതെയാണ്‌ പറഞ്ഞതെങ്കിലും അവൾ വിടുന്ന ലക്ഷണമില്ല.

" പുന്നാരിച്ച്‌ പുന്നാരിച്ച്‌ മോളെ വഷളാക്കി എന്നേ എല്ലാവരും പറയുള്ളൂ. ഇത്‌ അങ്ങിനെ വിട്ടാൽ പറ്റില്ല , ഇപ്പോഴേ അടക്കം കൊടുക്കണം. "

" എടീ നീയൊന്നടങ്ങ്‌ , അവർ ട്യൂഷൻ കഴിഞ്ഞു വരട്ടെ , സാവകാശത്തിൽ  ചോദിച്ചു മനസ്സിലാക്കാം , നീ ഇതിനേക്കുറിച്ചു ചോദിക്കാനൊന്നും പോകേണ്ട. "

അയാൾ ബാത്‌റൂമിൽ കയറി ഡോറടച്ചു.

പെട്ടെന്നു ദ്വേഷ്യം വരുന്ന കൂട്ടത്തിലാണു  ഭാര്യ. അതുകൊണ്ടു തന്നെ അവളെ ഈ വക കാര്യങ്ങൾ ഏൽപിച്ചാൽ ശരിയാവില്ല. അവളോട്‌ അങ്ങിനെയൊക്കെ പറഞ്ഞെങ്കിലും മനസ്സിൽ ചെറിയൊരു ഭയം ഉരുണ്ടു കൂടാൻ തുടങ്ങിയിരുന്നു. മോനാവട്ടെ, മോളാവട്ടെ, എന്തു കാര്യവും  ചർച്ച ചെയ്യാറുള്ളതാണ്‌ , എന്നിട്ടിപ്പോ ... മോൾ എന്തുക്കൊണ്ടാണ്‌ ഇക്കാര്യം മറച്ചു വച്ചത്‌ , ഇനി വല്ല പ്രേമവും....

രണ്ടു മക്കളൂം രണ്ടു മുറികകളിലായിട്ടാണ്‌ പഠിപ്പും ഉറക്കവും , പത്താം ക്ലാസ്സുകാരനായ മോനും എട്ടാം ക്ലാസ്സുകാരിയായ മോളും ഒന്നിച്ചിരുന്നു പഠിക്കുന്ന കാലത്ത്‌ എപ്പോഴും ചെറിയ കാര്യങ്ങൾക്കുവേണ്ടി തല്ലുകൂടുമായിരുന്നു. പിന്നെ അതു തീർപ്പാക്കാൻ ഞാനോ ഭാര്യയോ ഇടപെട്ടേ തീരൂ.
അവർ വന്നിട്ടുവേണം കാര്യങ്ങളൊക്കെ ചോദിച്ചു മനസ്സിലാക്കാൻ

ബാത്‌റൂമിൽ നിന്നും പുറത്തിറങ്ങിയപ്പോഴേക്കും മക്കൾ ട്യൂഷൻ കഴിഞ്ഞ്‌ എത്തിയിരുന്നു. എങ്കിലും അവരെ തനിച്ചു കിട്ടാനായി അയാൾ ടി വി ക്കു മുൻപിൽ സമയം നീക്കി. മോൾടെ മുറിയിലേക്കു ചെല്ലുമ്പോൾ ഹോം വർക്കിൽ മുഴുകി ഇരിക്കുകയായിരുന്നു അവൾ , തൊട്ടടുത്ത കസേരയിലിരുന്നു കൊണ്ട്‌ മേശപ്പുറത്തിരുന്ന പുസ്തകങ്ങൾ  വെറുതെ മറിച്ചു നോക്കി. മോളാവട്ടെ ഇതൊന്നും തന്നെ ശ്രദ്ധിക്കാതെ എഴുത്തിൽ മാത്രമായിരുന്നു ശ്രദ്ധ. പെട്ടെന്ന്‌ അവൾ എഴുത്തു നിർത്തി തലയുയർത്തി .
 " ഡാഡീ ഞാൻ പറഞ്ഞ ഗ്ലാസ്സ്‌ പെയിന്റ്‌ വാങ്ങിയിരുന്നോ !....."

" ഓ സോറി മോളൂ , മറന്നു പോയി നാളെ എന്തായാലും വാങ്ങിക്കോണ്ടു വരാം "

അവൾ വീണ്ടും എഴുത്തിലേക്ക്‌ തിരിഞ്ഞൂ.

" അതേ.... മോളൂ.... "

" എന്തേ ഡാഡീ.... "

അവൾ എഴുത്തു നിർത്തി തലയുയർത്തിയാണ്‌ വിളി കേട്ടത്‌

" മോൾക്ക്‌ ഈ ബ്രേസ്‌ലറ്റ്‌ എവിടുന്നു കിട്ടി. "

പോക്കറ്റിൽ നിന്നും ബ്രേസ്‌ലറ്റ്‌ എടുത്തു കാണിച്ചു കൊണ്ടുള്ള എന്റെ ചോദ്യം കേട്ട്‌ അവൾ തല താഴ്ത്തിയിരുന്നു.

" എന്തു കാര്യവും ഞങ്ങളോട്‌ തുറന്നു പറയാറുള്ള നീയെന്തേ ഈ കാര്യം ഒളിച്ചു വച്ചത്‌! , പറയൂ ഇതെവിടുന്നു കിട്ടി.

" അത്‌.... ഡാഡി.... ഞാൻ.... "

അവൾ പേനകൊണ്ട്‌ പേപ്പറിൽ വെറുതെ കുത്തുക്കുറിച്ചിരുന്നു

" പറയൂ മോളെ മോൾക്കിതെവിടുന്നു കിട്ടി ? "

വളരെ മയത്തിലായിരുന്നു അയാളുടെ ചോദ്യം

" ഞാനത്‌ ചേട്ടന്റെ ബാഗിൽ നിന്നും എടുത്തതാണ്‌. "

" ചോദിച്ചിട്ടാണോ മോളിത്‌ എടുത്തത്‌. "

ചോദ്യം ഇത്തിരി ഗൗരവത്തിലായിപ്പോയെന്നു അയാൾക്കു തോന്നി

" ഇല്ല ചോദിച്ചിട്ടില്ല... ചോദിച്ചാൽ തരില്ലെന്നറിയാം. അതു കൊണ്ടാ... ഞാൻ.... "

അവളിപ്പോൾ കരയുമെന്ന്‌ അയാൾക്ക്‌ തോന്നി, അതിനാൽ അവളുടെ അടുത്തേക്ക്‌ നീങ്ങിയുരുന്ന്‌ മുടികളിൽ മെല്ലെ തഴുകി

" അതു ശരി , അപ്പോൾ ചോദിക്കാതെയാണ്‌ എടുത്തത്‌ , അങ്ങിനെ എടുക്കുന്നത്‌ കളവല്ലേ? ആരുടേയും ഒന്നും തന്നെ ചോദിക്കാതെ എടുക്കരുതെന്നു പറഞ്ഞിട്ടില്ലേ , മേലിൽ ഇത്‌ ആവർത്തിക്കരുത്‌ , ഇത്‌ ഇപ്പോൾ തന്നെ ചേട്ടനു കൊടുത്തിട്ട്‌ സോറി പറഞ്ഞിട്ടു വരൂ...."

ബ്രേസ്‌ലറ്റും വാങ്ങി താഴ്ത്തി പിടിച്ച മുഖവുമായി അവൾ ചേട്ടന്റെ മുറിയിലേക്ക്‌ പോയപ്പോൾ തെല്ലൊരാശ്വാസത്തോടെ കസേരയിലേക്ക്‌ ചാരിയിരിക്കുകയായിരുന്നു അയാൾ.
വീർപ്പിച്ച മുഖവുമായിട്ടായിരുന്നു അവൾ തിരിച്ചു വന്നത്‌ , വന്നിരുന്ന പാടെ തല താഴ്ത്തി വച്ച്‌ എഴുത്തും തുടങ്ങി.

" ങും.... എന്തു പറ്റി , ചേട്ടനെന്തു പറഞ്ഞു ? "

" കള്ളീന്നു വിളിച്ച്‌ കളിയാക്കി "

" മോളതു കാര്യമാക്കേണ്ട , ഡാഡി അവനോട്‌ സംസാരിക്കാം , മോളിപ്പോൾ പഠിപ്പിൽ മാത്രം ശ്രദ്ധിച്ചാൽ മതി , ആനുവൽ എക്സാം അടുത്തതല്ലേ... "

അവളുടെ മുടികളിൽ തഴുകിയിട്ട്‌  മുറിയിൽ നിന്നും ഇറങ്ങി നേരെ അടുക്കളയിലേക്ക്‌ നടന്നു അയാൾ. നടന്ന കാര്യങ്ങളൊക്കെ ഭാര്യയെ പറഞ്ഞു മനസ്സിലാക്കിയപ്പോൾ അവൾക്കും
ആശ്വാസമായി.
" അതു പിന്നെ അവളെന്റെ മോളല്ലേ , അത്തരം ചീത്ത കൂട്ടുകെട്ടിലൊന്നും അവൾ ചെന്നു ചാടില്ല , പിന്നെ.. നിങ്ങൾ മോനോടൊന്നു ചോദിച്ചേ അവനിത്‌ എവിടുന്നു കിട്ടിയെന്ന്‌!...."

" നീയൊന്നു ക്ഷമിക്കെടീ... അതും കൂടി ഞാൻ ചോദിച്ചറിഞ്ഞോളാം "

കറിക്കരിഞ്ഞു വച്ച കാരറ്റിൽ ഒരു കഷണം വായിലേക്കിട്ടുകൊണ്ടയാൾ അടുക്കളയിൽ നിന്നും പുറത്തേക്കിറങ്ങുമ്പോൾ മോൻ ടി വിക്കു മുൻപിൽ ഇരിക്കുകയായിരുന്നു. ഇത്തിരി ഗൗരവം ഭാവിച്ചാണ്‌ ചോദിച്ചത്‌.

" നിന്റെ പഠിത്തം ഇത്ര വേഗം കഴിഞ്ഞോ? "

ടി വി യിൽ നിന്നും കണ്ണെടുക്കാതെ അവന്റെ മറുപടിയും വന്നു

" ങാ...ഇന്നത്തെ പഠിത്തം കഴിഞ്ഞു ട്യൂഷൻ ടീച്ചർ ടെസ്റ്റ്‌ നടത്തിയപ്പോൾ എല്ലാം ശരിയായിരുന്നു. "
ചാനലുകൾ മാറ്റുന്നതിലായിരുന്നു അവന്റെ ശ്രദ്ധ , ഒന്നിലും അധിക നേരം നിൽക്കില്ല.അതിങ്ങിനെ മാറ്റിക്കൊണ്ടേയിരിക്കും.
 
പേപ്പറുമെടുത്ത്‌ അവനരികിൽ സോഫയിൽ ചെന്നിരുന്നുകൊണ്ട്‌ മെല്ലെ വിളിച്ചു.

" മോനു.... "

" എന്തേ ഡാഡി.... "

വിളീ കേൾക്കുമ്പോഴും അവന്റെ ശ്രദ്ധ മുഴുവനും ടി വി യിലാണ്‌, എങ്കിലും അയാൾ തുടർന്നു

" സാധാരണ എന്തു കാര്യവും തുറന്നു പറയാറുള്ള നീ ഈയിടെയായി പലതും ഞങ്ങളിൽ നിന്നും ഒളിക്കുന്നുണ്ട്‌ അല്ലേ !...."

" ഇല്ല ഡാഡി ഞാനൊന്നും ഒളിച്ചു വച്ചിട്ടില്ലല്ലോ !.... "

അവൻ അശ്രദ്ധമായിട്ടാണ്‌ മറുപടി പറഞ്ഞത്‌

" ഇല്ലേ.... പിന്നെന്തേ ആ ബ്രേസ്‌ലറ്റിന്റെ കാര്യം ഞങ്ങളോട്‌ പറയാതിരുന്നത്‌! "

അയാൾ അവന്റെ മുഖത്തേക്ക്‌ തന്നെ നോക്കിയിരുന്നു.

" ഓ... അതോ... അതത്രയ്ക്ക്‌ സീരിയസ്‌ മേറ്റർ ഒന്നുമല്ല ഡാഡി. "

അവന്റെ ശ്രദ്ധ മുഴുവൻ ടി വി യിലെ കോമഡി സീനിലാണ്‌

" എന്നാലും പറയൂ... എവിടുന്നു കിട്ടി? ആരെങ്കിലും തന്നതാണോ? "

ഇത്തിരി ഗൗരവത്തിലാണ്‌ ചോദിച്ചതെങ്കിലും വളരെ ലാഘവത്തോടെയായിരുന്നു അവന്റെ മറുപടി.

" അത്‌ എനിക്കു തന്നതല്ല. "

" പിന്നെ!.... "

അയാൾക്ക്‌ അറിയാനുള്ള ആകാംക്ഷ ഏറിവരികയാണ്‌. ടി വിയിൽ നിന്നും ശ്രദ്ധ മാറ്റി അവൻ അയാളുടെ മുഖത്തേക്ക്‌ നോക്കി തുടർന്നു.

" നമ്മുടെ എതിർവശത്തുള്ള ഫ്ലാറ്റിലെ കുട്ടിയില്ലേ.. "

മോന്റെ കയ്യിലിരുന്ന റിമോട്ട്‌ പതുക്കെ വാങ്ങിയിട്ട്‌ ഒട്ടും ആകാംക്ഷ കാണിക്കാതെ മെല്ലെ ചോദിച്ചു

" ആര്‌ ! മോളോടൊപ്പം പഠിക്കുന്ന കുട്ടിയോ!.... "

" ങാ... അവൾക്കു കൊടുക്കാൻ വേണ്ടി എന്റെ ക്ലാസ്സിലെ ഫ്രണ്ട്‌ തന്നതാണ്‌ "

" ആഹാ... കൊള്ളാമല്ലോ.. അപ്പോൾ നിനക്കു പോസ്റ്റുമാന്റെ ഡ്യൂട്ടിയാണല്ലേ!... ആട്ടെ... എന്നിട്ട്‌ നീയിതെന്തേ അവൾക്കു കോടുക്കാതിരുന്നത്‌ ? "

" അതു പിന്നെ എനിക്കു തീരെ ഇഷ്ടമല്ലാത്തൊരു കാര്യം അവനെന്നെ നിർബന്ധിച്ച്‌ ഏൽപിക്കുകയായിരുന്നു , അവനെ പിണക്കാൻ വയ്യാത്തതിനാൽ ഞാൻ വാങ്ങി വയ്ക്കുകയായിരുന്നു , പക്ഷേ, എനിക്കു വയ്യ ഡാഡി അവൾക്ക്‌ ഇങ്ങിനെയൊരു സമ്മനം കൊടുക്കാൻ , ഞാനിത്‌ അവനു തന്നെ തിരിച്ചു കൊടുക്കാനിരുന്നതായിരുന്നു , അപ്പോഴാണ്‌ ഇവളിത്‌ കട്ടെടുത്തത്‌, നാളെ എന്തായാലും ഞാനിതവനു തിരിച്ചു കൊടുക്കും. "
ദൃഡനിശ്ചയത്തോടെയുള്ള മോന്റെ വാക്കുകൾ കേട്ടപ്പോൾ അയാൾക്കൊരു സംശയം

" മോനു... ഒന്നു ചോദിക്കട്ടെ നിനക്കവളോടെന്തെങ്കിലും !..... "

" ഏയ്‌.. ഇല്ല ഡാഡി.. ഒന്നുമില്ല."

അവൻ എഴുന്നേറ്റ്‌ അവന്റെ മുറിയിലേക്ക്‌ പോയി

ഒരു പത്താം ക്ലാസ്സുകാരന്റെ മുഖത്തുണ്ടായ ഭാവ മാറ്റം ഒരു കണ്ണാടിയിലെന്ന പോലെ ദർശിക്കുകയായിരുന്നു അയാൾ. വർഷങ്ങൾക്കു മുൻപ്‌ ഒരു പത്താം ക്ലാസ്സു കാരനും എട്ടാം ക്ലാസ്സുകാരിയും സ്നേഹം കൈമാറിയപ്പോഴുണ്ടായ മുഖത്തെ ഭാവ മാറ്റങ്ങൾ ,
അതെ... അതു തന്നെ... , അയാളുടേയും ഭാര്യയുടേയും മുഖ ഭാവങ്ങളല്ലേ അവന്റെ
മുഖത്ത്‌ മിന്നി മറഞ്ഞത്‌.


Wednesday, May 18, 2011

മിക്സ്ചർ സ്വാമി ( മൊയ്തൂട്ടി-ഭാഗം-2)

കാലത്ത്‌ കട തുറക്കാനായി കവലയിലെത്തിയ മൊയ്തൂട്ടി,
ബസ്‌സ്റ്റോപ്പിനു മുൻപിൽ കുറച്ചുപേർ കൂടി നിൽക്കുന്നതാണ്‌
കണ്ടത്‌. സൈക്കിൾ നിർത്തി കാര്യം തിരക്കിയപ്പോൾ
മീൻ വിൽക്കുന്ന സുബൈറാണ്‌ പറഞ്ഞത്‌ !

" മിക്സ്ചർ സ്വാമി വന്നേക്കണ്‌ "
അതാരാണപ്പാ.... ഈ.. മിക്സ്ചർ സ്വാമി !! മൊയ്തൂട്ടി സൈക്കിളിൽ നിന്നുമിറങ്ങി ആളൊഴിഞ്ഞ ഭാഗത്ത്‌ വന്ന് ഏന്തി നോക്കി
കറുത്ത്‌ തടിച്ച്‌ , താടിയും ജടപിടിച്ച മുടിയുമായിട്ടൊരാൾ
വെയിറ്റിംഗ്‌ ഷെഡ്ഡിന്റെ മൂലയിലിരിക്കുന്നു. മുഷിഞ്ഞ മുണ്ടും
ഷർട്ടുമാണ്‌ വേഷം. കണ്ടിട്ട്‌ സ്വാമിയുടെ യാതൊരു ലക്ഷണവും
ഇല്ല. ചായക്കടക്കാരൻ കുഞ്ഞിക്കണ്ണൻ കൈകൂപ്പി അയാളുടെ
മുന്നിൽ നിൽക്കുന്നുണ്ട്‌.
 

" ഇതാരാ കുഞ്ഞിക്കണ്ണാ.. പുതിയ കക്ഷി "
മൊയ്തൂട്ടിയുടെ ചോദ്യം കുഞ്ഞിക്കണ്ണന്‌ തീരെ പിടിച്ചില്ലാന്ന്
തോന്നുന്നു.

" കക്ഷിയോ.. നീ പേപ്പറൊന്നും വായിക്കാറില്ലേ? ഇത്‌ മിക്സ്ചർ
സ്വാമിയല്ലേ!! കോഴിക്കോടിനടുത്തുള്ള ബസ്‌സ്റ്റാൻഡിലായിരുന്നു
ഇതിനു മുൻപ്‌. ഇവിടെ എങ്ങിനെയാണ്‌ എത്തിയെന്നറിയില്ല.
ഏതായാലും നമ്മുടെയൊക്കെ ഭാഗ്യമാ സ്വാമിക്ക്‌ ഇവിടെ വരാൻ
തോന്നിയത്‌. സ്വാമി നിൽക്കുന്ന ദേശത്തെ ആൾക്കാർക്ക്‌ വലിയ
ഐശ്വര്യമായിരിക്കുമെന്നാ കേട്ടത്‌."

കുഞ്ഞിക്കണ്ണൻ വളരെ ആവേശത്തോടെയാണ്‌ പറഞ്ഞു നിർത്തിയത്‌. സ്വാമിയെ മൊത്തമായി ഏറ്റെടുത്തതു പോലെയാണ്‌ മൂപ്പരുടെ നിൽപും പ്രവർത്തികളും. 

സ്വാമിയുടെ മുമ്പിൽ വച്ചിരിക്കുന്ന ഇലയിൽ കദളിപ്പഴവും
ആപ്പിളും മുന്തിരിയും മിക്സ്ചറും വച്ചിട്ട്‌ പഴത്തിനു മുകളിൽ
ഒരു കൂട്‌ ചന്ദനത്തിരിയും കത്തിച്ച്‌ നിർത്തിയിരിക്കുന്നു.
ചുറ്റിലും നിൽക്കുന്നവർ കൗതുകത്തോടെ കണ്ടു നിൽക്കുകയാണ്‌

" സ്വാമിയെന്താ കുഞ്ഞിക്കണ്ണാ ഒന്നും മിണ്ടാതെ മിഴിച്ചു
നോക്കുന്നത്‌, മൂപ്പര്‌ മലയാളിയല്ലേ!! "

തട്ടാൻ നാണുവിന്റെ ചോദ്യം കേട്ടപ്പോൾ കുഞ്ഞിക്കണ്ണൻ
വീണ്ടും തുടങ്ങി

" സ്വാമി ഹിന്ദിക്കാരനാന്നാ തോന്നുന്നത്‌, അല്ലാ... മൊയ്തൂട്ടീ..
നിനക്ക്‌ ഹിന്ദി അറിയില്ലേ ! നീയൊന്ന് സംസാരിച്ചു നോക്കിയേ! "

ഗൾഫിലായിരുന്നപ്പോ കിട്ടിയ ഹിന്ദി പരിജ്ഞാനം വച്ച്‌
മൊയ്തൂട്ടി അയാളോട്‌ ഊരും പേരും ചോദിച്ചറിയാൻ ശ്രമിച്ചു.
എന്നാൽ അയാൽ തുറിച്ചു നോക്കിയിരുന്നതല്ലാതെ ഒന്നും
മിണ്ടിയില്ല.പിന്നെ മൊയ്തൂട്ടി അവിടെ നിന്നില്ല.സൈക്കിളുമായി
കടയിലേക്ക്‌ പോയി.

കട തുറന്ന്‌ വൃത്തിയാക്കിക്കൊണ്ടിരിക്കുമ്പോഴാണ്‌ തെങ്ങേൽ
കയറുന്ന ദിനേശൻ കയറിവന്നത്‌.

" നീ മിക്സ്ചർ സ്വാമിയെക്കണ്ടോ ദിനേശാ.. "
മടിക്കുത്തിൽ നിന്നും ബീഡിയും തീപ്പെട്ടിയുമെടുത്ത്‌
പുച്ഛത്തിൽ ഒന്നു നോക്കി, എന്നിട്ട്‌ തുടർന്നു.

" ഞാനെന്തിനു അയാളെ കാണണം.എങ്ങാണ്ടോ കിടന്നപ്പോ ആരോ അയാൾക്ക്‌ മിക്സ്ചർ കൊടുത്തു, അതയാൾ ആർത്തിയോടെ കഴിച്ചപ്പോ എല്ലാവരും മിക്സ്ചർ തന്നെ വാങ്ങിക്കൊടുത്ത്‌ അയാളെ മിക്സ്ചർ സ്വാമിയാക്കി. പിന്നെ വേറെയും കഥ കേട്ടു. "
ദിനേശൻ ബീഡിക്ക്‌ തീ കൊളുത്തി ആഞ്ഞു വലിച്ചിട്ട്‌ പുക
വിട്ടുകൊണ്ട്‌ തുടർന്നു.

" രാത്രി ബസ്‌സ്റ്റോപ്പിലിരുന്ന് മിക്സ്ചറും കൂട്ടി വെള്ളമടിച്ച
ചെക്കന്മാർ ബാക്കി വച്ച മിക്സ്ചർ , വിശന്നു കിടന്ന ഇയാളെടുത്ത്‌ തിന്നു. പിറ്റേന്ന് കാലത്ത്‌ വന്നവർ , മിക്സ്ചർ കവറിനടുത്ത്‌ കിടന്നുറങ്ങുന്നത്‌ കണ്ടിട്ട്‌ അയാൾക്ക്‌ അതാണിഷ്ടമെന്നു കരുതി എല്ലാവരും അതു തന്നെ വാങ്ങിക്കൊടുത്തു. ഇയാളെ ആരാണാവോ
ഇങ്ങോട്ടു കെട്ടിയെടുത്തത്‌, ഈ ബസ്‌സ്റ്റോപ്പ്‌
നാറ്റിക്കാനായി "

അതും പറഞ്ഞ്‌ ആഞ്ഞു തുപ്പിയിട്ട്‌ അയാൾ നടക്കാൻ തുടങ്ങി.
" ദിനേശാ.. നിന്നെ ഐശുത്താത്ത കുറേ ദിവസമായി അന്വേഷിക്കണ്‌. നീയെപ്പോളാ അവിടെ തേങ്ങയിടാനും തെങ്ങിന്‌ വളമിടാനും ചെല്ലുന്നത്‌ "
"ഇപ്പോ കുറച്ച്‌ തിരക്കാണ്‌ മൊയ്തൂട്ടീ .. കുറച്ചീസം കഴിഞ്ഞിട്ട്‌
വരാമെന്നു പറയിൻ."

അതും പറഞ്ഞിട്ട്‌ അയാൾ കുഞ്ഞിക്കണ്ണന്റെ ചായപ്പീടികയിലേക്ക്‌ കയറിപ്പോയി.

കവലയുടെ കിഴക്ക്‌ ഭാഗത്തുള്ള ബിൽഡിങ്ങിലാണ്‌ മൊയ്തൂട്ടിയുടെ കട. വലതു വശത്തെ കട തട്ടാൻ നാണുവിന്റേതാണ്‌. ഇടതു വശത്തെ ബേക്കറി കട അടഞ്ഞു കിടപ്പാണ്‌. ഗൾഫിൽ നിന്നും തിരിച്ചു വന്നതിനു ശേഷം ജമാൽ തുടങ്ങിയതായിരുന്നു ബേക്കറി കട. എന്നാൽ അധികകാലം അയാൾക്ക്‌ അത്‌ നടത്തിക്കൊണ്ടു പോകാൻ കഴിഞ്ഞില്ല.
വീണ്ടും വിസയെടുത്ത്‌ ഗൾഫിലേക്ക്‌ തന്നെ തിരിച്ചു പോയി ജമാൽ.
അതിനു ശേഷമാ കട അടഞ്ഞു തന്നെ കിടപ്പാണ്‌.
 വൈകുന്നേരമായാൽ ഒട്ടുമിക്ക ചെക്കന്മാരും പ്രായമായവരും
സൊറ പറയാൻ വന്നിരിക്കുന്നത്‌ ബേക്കറി കടയുടെ വരാന്തയിലാണ്‌. പിന്നെ ഇവിടെ ഇരുന്നാൽ ബസ്‌സ്റ്റോപ്പിൽ വരുന്നവരേയും പോകുന്നവരേയും കണാനും പറ്റും. ബേക്കറി കടയുടെ തൊട്ടടുത്തതാണ്‌ കുഞ്ഞിക്കണ്ണന്റെ ചായക്കട. മുകളിലത്തെ നിലയിൽ വിവിധ പാർട്ടിക്കാരുടെ ഓഫീസുകളുമാണ്‌.


ദിവസങ്ങൾ കഴിയുന്തോറും സ്വാമിയെ കാണാൻ വരുന്നവരുടെ
എണ്ണം കൂടി കൂടി വന്നു. കുഞ്ഞിക്കണ്ണന്റെ ചായപ്പീടികയിലെ
തിരക്കും ഏറിവന്നു.

കാലത്ത്‌ കട തുറന്നാൽ സ്വാമിക്കുള്ളത്‌ കൊടുത്ത്‌ ചന്ദനത്തിരിയും കത്തിച്ചു വച്ചിട്ടേ മറ്റുള്ളവർക്ക്‌ കൊടുക്കുകയുള്ളൂ. സ്വാമിയുടെ ഫോട്ടോ കടയ്ക്കുള്ളിലെ ദൈവങ്ങളോടൊപ്പം വച്ച്‌
പൂജിക്കാനും തുടങ്ങി അയാൾ.

മൊയ്തൂട്ടിയുടെ കടയിൽ നിന്നും മിക്സ്ചർ വാങ്ങിയിട്ടാണ്‌
പലരും സ്വാമിക്ക്‌ കാഴ്ച വച്ചത്‌. അതുകൊണ്ടു തന്നെ
സ്വാമിയെ എത്തിർത്ത്‌ സംസാരിക്കുന്നവരോട്‌ യാതൊന്നും
പറയാതെ എല്ലാം കേട്ടിരിക്കുക മാത്രമേ അയാൾ ചെയ്തുള്ളൂ.

ബസ്സ്‌ കാത്തു നിൽക്കാൻ വരുന്നവർ വെയിറ്റിംഗ്‌ ഷെഡിനു
പുറത്ത്‌ മാറി നിന്നുകൊണ്ട്‌ സ്വാമിയെക്കുറിച്ചുള്ള കഥകൾ
പൊടിപ്പും തൊങ്ങലും വച്ച്‌ സംസാരിച്ചു.
ബേക്കറി കടയുടെ വരാന്തയിലിരുന്ന്‌ ദിനേശന്റെ കൂട്ടുകാർ
സ്വാമിക്കെതിരെ ഉച്ചത്തിൽ സംസാരിക്കുന്നത്‌ പതിവായി.
റോഡിനു പടിഞ്ഞാറു വശത്തെ ബാർബർ ഷോപ്പിലിരുന്ന്
ബാർബർ രാജനും , കടയിൽ വരുന്നവരോടൊക്കെ തന്റെ
നീരസം പ്രകടിപ്പിച്ചെങ്കിലും കുഞ്ഞിക്കണ്ണനെ എതിർക്കാൻ
ആരും തയ്യാറായില്ല.

നല്ല ചിക്കൻ കറിയും പൊറോട്ടയും കഴിക്കണമെങ്കിൽ അവർക്ക്‌
കുഞ്ഞിക്കണ്ണന്റെ കടയിൽ തന്നെ പോകണം. അത്രയ്ക്ക്‌
പേരുകേട്ടതായിരുന്നു അവിടുത്തെ ചിക്കൻ കറി.
 അന്നും മൊയ്തൂട്ടി വളരെ വൈകിയാണ്‌ കട തുറക്കാനെത്തിയത്‌. കുഞ്ഞിക്കണ്ണന്റെ കടയ്ക്കു മുൻപിൽ ചെറിയൊരാൾക്കൂട്ടം , പോലീസ്‌ ജീപ്പും കാണുന്നുണ്ട്‌.

"കുഞ്ഞിക്കണ്ണന്റെയും തട്ടാൻ നാണുവിന്റെയും കടയിൽ കള്ളൻ
കേറിയിട്ട്‌ എല്ലാം എടുത്തോണ്ട്‌ പോയി "

ബാർബർ രാജനാണ്‌ വിളിച്ച്‌ പറഞ്ഞത്‌. മൊയ്തൂട്ടി ഉടനെ തന്റെ കടയുടെ ഷട്ടറും പൂട്ടും പരിശോധിച്ചു , ഇല്ല.. കുഴപ്പമൊന്നുമില്ല. മറ്റു രണ്ടു കടകളുടേയും പൂട്ട്‌ തകർത്താണ്‌ കള്ളൻ അകത്ത്‌ കടന്നത്‌. രണ്ടുപേരും പോലീസിന്റെ മുമ്പിൽ നിന്ന് കാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്‌, ഒരു പോലീസുകാരൻ എല്ലാം എഴുതി എടുക്കുന്നു.
മൊയ്തൂട്ടി കട തുറക്കുന്നതിനിടയിൽ ബസ്‌സ്റ്റോപ്പിലേക്ക്‌
നോക്കി , സ്വാമി അവിടെത്തന്നെയുണ്ട്‌. പിന്നെ കടയ്ക്കുള്ളിൽ
മൊത്തമായിട്ടൊന്ന് പരിശോധിച്ചു.
 

വളരെ ദയനീയ മുഖത്തോടെ വന്ന കുഞ്ഞിക്കണ്ണൻ അരി
ചാക്കിനു മുകളിൽ ഇരുന്നുകൊണ്ടാണ്‌ തുടങ്ങിയത്‌

" ഞങ്ങൾക്കിടയിലുള്ള നീ മാത്രം രക്ഷപ്പെട്ടു ല്ലേ.. മൊയ്തൂട്ടീ.."
" അത്‌.. ഓൻ ശ്രമിച്ചിക്കുണ്ടാവും പക്ഷേങ്കില്‌ കേറാൻ പറ്റീക്കുണ്ടാവില്ല കാരണം ഞമ്മള്‌ ഗൾഫിൽ നിന്നും കൊണ്ടുവന്ന പൂട്ടല്ലേ ഇട്ടേക്കണത്‌, ഒരുപാട്‌ സാധനങ്ങൾ കൊണ്ടുപോയോ കുഞ്ഞിക്കണ്ണാ"

മൊയ്തൂട്ടിക്ക്‌ വിവരങ്ങൾ അറിയാൻ തിടുക്കമായി

" എല്ലാം കൊണ്ടുപോയില്ലേ കാലമാടൻ , ഉരുളിയും പാത്രങ്ങളും
ബാങ്കിൽ അടയ്ക്കാൻ വച്ച 5000 രൂപയും എല്ലാം പോയി. പിന്നെ നാണൂന്റെ പത്തു പവനാത്രേ എടുത്തത്‌."

അപ്പോഴേക്കും തട്ടാൻ നാണുവും എത്തി. വന്നയുടനെ കുഞ്ഞിക്കണ്ണനോടായി ചോദ്യം.
" നമ്മുടെ സ്വാമിയെ ഒന്നു പരിശോധിച്ചാലോ ? ഇക്കാലത്ത്‌
ആരെയും വിശ്വസിക്കാൻ മേല "

" ഓ.. അതൊക്കെ കാലത്തെ തന്നെ ഞാൻ പോയി പരിശോധിച്ചതാ ,
അയാളടുത്ത്‌ ചെറിയൊരു ഭാണ്ഡക്കെട്ട്‌ മാത്രമേയുള്ളൂ , അതിനകത്താണെങ്കിൽ കീറത്തുണികളും "
മൊയ്തൂട്ടി അവരെ സമാധാനിപ്പിക്കാനായി മെല്ലെ ചോദിച്ചു
" നീ സ്വാമിയ്ക്കെന്തെങ്കിലും കഴിക്കാൻ കൊടുത്തോ കുഞ്ഞിക്കണ്ണാ.."

" എന്തു കൊടുക്കാൻ എല്ലാം പോയില്ലേ ഓരോന്നു വലിഞ്ഞു
കേറി വരും എല്ലാം നശിപ്പിക്കാനായി"

ചായക്കടയിലേക്ക്‌ മൊയ്തൂട്ടി കൊണ്ടുവന്ന പാലും എടുത്തു
കൊണ്ട്‌ കുഞ്ഞിക്കണ്ണൻ ദ്വേഷ്യത്തോടെയാണ്‌ ഇറങ്ങിപ്പോയത്‌.
നാണു കടയും ചാരി നിന്ന് ആത്മഗതമെന്നോണം പറഞ്ഞു
തുടങ്ങി.

" പത്തു പവനോളം സ്വർണ്ണമുണ്ടായിരുന്നു കടയിൽ, എല്ലാം
പോയി , ഇനി അത്‌ തിരിച്ചു കൊടുക്കണമെങ്കിൽ ഞാനെന്റെ
കിടപ്പാടം വിൽക്കേണ്ടി വരും "

മൊയ്തൂട്ടിക്ക്‌ അറിയാമായിരുന്നു രണ്ടു പവൻ തികച്ച്‌
കടയിലുണ്ടാവില്ലെന്ന്, എന്നിട്ടും കേട്ട്‌ നിന്നതേയുള്ളു.

രണ്ടു ദിവസമായിട്ട്‌ സ്വാമിക്ക്‌ ആരും ഒന്നും കൊടുക്കാറില്ലെന്ന്‌
തോന്നുന്നു.ഇടയ്ക്കിടയ്ക്ക്‌ ഒച്ചപ്പാടുകൾ ഉണ്ടാക്കുന്നത്‌
കേൾക്കാമായിരുന്നു.ബസ്‌സ്റ്റോപ്പും പരിസരവും നാറിയിട്ട്‌
ആരും അടുക്കാതെയായി.കുഞ്ഞിക്കണ്ണൻ കട നന്നാക്കുന്ന
തിരക്കിലാണ്‌. പൂട്ടൊക്കെ മാറ്റി പുതിയ പെയിന്റടിച്ച്‌
കച്ചവടം തിരിച്ചു പിടിക്കാനുള്ള ബദ്ധപ്പാടിലാണയാൾ.എന്നാൽ
എല്ലാവരും ഒരു കാര്യം ശ്രദ്ധിച്ചു , സ്വാമിയുടെ ഫോട്ടൊ
എടുത്തു മാറ്റിയിരിക്കുന്നു.

ഉച്ചവെയിൽ കത്തിക്കാളുകയാണ്‌. ഉച്ചയ്ക്ക്‌ ചോറു തിന്നാൻ
വീട്ടിൽ തന്നെ ചെല്ലണമെന്ന് ജമീലയ്ക്ക്‌ നിർബന്ധമാണ്‌. കടയടച്ച്‌ വീട്ടിലേക്ക്‌ പോകാൻ നേരമാണ്‌ കുമാരൻ കയറിവന്നത്‌. തേങ്ങയിടുന്ന ദിനേശൻ  ഏൽപിച്ച പ്രകാരം കുമാരനായിരുന്നു ഐശുത്താത്തയുടെ പറമ്പിലെ തെങ്ങുകൾക്കെല്ലാം വളമിട്ടത്‌.

" മൊയ്തൂട്ടീ.. ഞാൻ 63 തെങ്ങുകൾക്ക്‌ വളമിട്ടിട്ട്‌ അവരു
പറയുന്നു 62 തെങ്ങേയുള്ളുവെന്ന് , നിനക്കറിയാലോ തെങ്ങ്‌
 എണ്ണത്തിനാ എനിക്ക്‌ കാശ്‌ , നിന്നെയും കൂട്ടി ചെല്ലാൻ
 ഐശുത്ത പറഞ്ഞു "

രണ്ടുപേരും കൂടി സൈക്കിളിൽ ചെല്ലുമ്പോൾ ഐശുത്താത്ത
ഊണൊക്കെ കഴിഞ്ഞ്‌ ഉമ്മറത്തെ ചാരു കസേരയിൽ
കിടക്കുകയായിരുന്നു.

" ങാ.. മൊയ്തൂട്ടീ.. അനക്കറിയില്ലേ 62 തെങ്ങേയുള്ളൂന്ന് ,
എന്നിട്ട്‌ ഇവൻ പറയുന്നു , 63 ഉണ്ടെന്ന് "

മൊയ്തൂട്ടിക്ക്‌ സംശയമായി , 62 ആണോ അതോ 63 ആണോ !
" ഒരു കാര്യം ചെയ്യാം ഇത്താത്താ ഞങ്ങളു പോയി നോക്കിയിട്ട്‌
വരാം "
ഒരു തർക്കത്തിന്‌ മൊയ്തൂട്ടിക്ക്‌ തീരെ താൽപര്യമില്ലായിരുന്നു.
രണ്ടു പേരും പുരയിടത്തിന്‌ എതിർ വശം റോഡിനപ്പുറമുള്ള
പറമ്പിലേക്ക്‌ പോയി വളം ചെയ്ത തെങ്ങുകളുടെ
എണ്ണമെടുത്തപ്പോൾ 63 തെങ്ങുണ്ട്‌. ഇത്താത്തയോട്‌ വന്നു
പറഞ്ഞപ്പോൾ അവർ സമ്മതിക്കുന്നില്ല.

" ഇഞ്ഞെന്താ.. മൊയ്തൂട്ടീ.. പറേണത്‌, 62 തെങ്ങേയുള്ളൂ.
ങള്‌ ബരീൻ ഞമ്മളൂം ബരാം , ഒന്നിച്ച്‌ എണ്ണി നോക്കാലോ "

അവരു മൂന്നുപേരും കൂടി തെങ്ങിന്റെ എണ്ണമെടുക്കാൻ തുടങ്ങി.
എന്നാൽ ഒരു മൂലയിൽ നിൽക്കുന്ന തെങ്ങു മാത്രം ഐശുത്താത്ത
എണ്ണുന്നില്ല. 62-ൽ എണ്ണി നിർത്തിയപ്പോൾ കുമാരന്‌ ദ്വേഷ്യം വന്നു.

" ങള്‌ എന്താ ഐശുത്താ ആ തെങ്ങ്‌ എണ്ണാത്തത്‌."
പെട്ടെന്ന് ഐശുത്ത ചൂടായി
" ഞി എന്നെക്കൊണ്ട്‌ ഒന്നും പറയിക്കണ്ട, ഇടി വെട്ടേറ്റ്‌
കൂമ്പു പോയ തെങ്ങിന്‌ വളമിടാൻ അന്നോട്‌ ആരു പറഞ്ഞു,
ആ വളത്തിന്റെ കായ്‌ ഞി ഞമ്മക്കിങ്ങോട്ട്‌ തരണം"


മേൽപോട്ട്‌ നോക്കിയ മൊയ്തൂട്ടിയും കുമാരനും , ഇടിവെട്ടേറ്റ്‌
കൂമ്പു പോയി നിക്കണ തെങ്ങു കണ്ട്‌ ഞെട്ടിപ്പോയി.
മൊയ്തൂട്ടി തിരിഞ്ഞ്‌ നിന്നു ചിരിക്കാൻ തുടങ്ങി. കുമാരൻ വളിച്ച
ചിരിയോടെ ഐശുത്താത്തയെ നോക്കി.

" ഞി ഒരു മരം തന്നെയാ മരകുമാരാ.."
അപ്പോഴും കുമാരൻ ചിരിച്ചതേയുള്ളൂ , പിന്നെ പൈസയും വാങ്ങി
ദയനീയമായി മൊയ്തൂട്ടിയെ നോക്കിയിട്ട്‌ വേഗം സ്ഥലം വിട്ടു.
ആ നോട്ടത്തിന്റെ അർത്ഥം മൊയ്തൂട്ടിക്ക്‌ അറിയാം. കാരണം
ഇത്താത്തയാണ്‌ ആ നാട്ടിലെ പലർക്കും ഇരട്ടപ്പേര്‌ നൽകിയത്‌.
മരകുമാരൻ എന്ന പേര്‌ പരസ്യമാകുമെന്ന് അയാൾക്കുറപ്പാണ്‌.

വീട്ടിലേക്ക്‌ നടക്കുമ്പോൾ ഐശുത്ത കിതയ്ക്കുന്നുണ്ടായിരുന്നു.

" കള്ളനേക്കുറിച്ച്‌ എന്തെങ്കിലും വിവരം കിട്ടിയോ മൊയ്തൂട്ടീ "

" ഇല്ലിത്താ ഒരു വിവരവുമില്ല "
ഇത്ത ഒന്നു നിന്നു , പിന്നെ വീണ്ടും ചോദിച്ചു
" ബസ്‌സ്റ്റോപ്പിലെ സ്വാമി പോയോ? "
" ഇല്ല അവിടെത്തന്നെയുണ്ട്‌ , അയാൾടെ കാര്യം വല്യ കഷ്ടാ..
ഇപ്പം ആരുമില്ല തിരിഞ്ഞു നോക്കാൻ , വിശന്നിട്ടായിരിക്കും
ഇടയ്ക്കിടയ്ക്ക്‌ ഒച്ചപ്പാടും ബഹളവും കേൾക്കാം. നാറിയിട്ടാണെങ്കിൽ അങ്ങോട്ടേക്കടുക്കാനും മേല. ഇപ്പം എല്ലാവർക്കും അയാൾ എങ്ങിനേം പോയിക്കിട്ടിയാ മതീന്നായി "


" മൊയ്തൂട്ടീ ഞി തിരിച്ചു വരുമ്പം ഇതുവഴി വരണം , സ്വാമിക്ക്‌
കൊടുക്കാൻ ഞാനെന്തെങ്കിലും ഉണ്ടാക്കി വെക്കാം "

തലയാട്ടിക്കൊണ്ട്‌ അയാൾ സൈക്കിളിൽ വീട്ടിലേക്ക്‌ പോയി.
ഊണും കഴിഞ്ഞ്‌ തിരിച്ചു വരുമ്പോൾ ഐശുത്താത്ത തയ്യാറാക്കി
വച്ച സമൂസയും പൊതിഞ്ഞു വാങ്ങി , ബസ്‌സ്റ്റോപ്പിലേക്ക്‌
ചെന്നപ്പോൾ സ്വാമി നല്ല ഉറക്കത്തിലാണ്‌. മൂക്ക്‌ പൊത്തിപ്പിടിച്ച്‌ ഭക്ഷണപ്പൊതി സ്വാമിയുടെ അടുത്ത്‌ വച്ചിട്ട്‌ കടയിലേക്ക്‌
പോയി.

പിറ്റേന്ന് കാലത്ത്‌ കട തുറക്കാൻ വന്നപ്പോൾ കുഞ്ഞിക്കണ്ണനാണ്‌ പറഞ്ഞത്‌ , സ്വാമി സ്ഥലം വിട്ടെന്ന്. ആ മാരണം
ഒഴിവായിക്കിട്ടിയ സന്തോഷത്തിലായിരുന്നു അയാൾ.
എന്നാൽ മൊയ്തൂട്ടിക്ക്‌ എന്തോ ഒരു സംശയം. ഇന്നലെ കട
പൂട്ടിപ്പോകുമ്പോഴും സ്വാമി അവിടെ കിടക്കുന്നത്‌ കണ്ടിരുന്നു. രാത്രിയിൽ എന്തു പറ്റി ! ഇനി മറ്റു വല്ല ദേശക്കാരും
പൊക്കിക്കൊണ്ട്‌ പോയതായിരിക്കുമോ!!

എന്തായാലും ഈ വിവരം ഇത്താത്തയോട്‌ പറയണം.
ഉച്ചയ്ക്ക്‌ ഊണ്‌ കഴിക്കാൻ പോകുന്ന വഴി മൊയ്തൂട്ടി
ഐശുത്താത്തയുടെ വീട്ടിൽ കയറി വിവരം പറഞ്ഞു.
കേട്ടയുടനെ ഐശുത്താത്ത പൊട്ടിച്ചിരിക്കാൻ തുടങ്ങി.
മിഴിച്ചു നിൽക്കുന്ന അയാളോട്‌ ചിരിച്ചുകൊണ്ടവർ പറഞ്ഞു.

" മൊയ്തൂട്ടീ.. സ്വാമിയല്ല , ഏത്‌ പടച്ച തമ്പുരാനായാലും
പറ പറക്കും കാരണം സമൂസയിൽ നിറച്ചേക്കണത്‌ അരച്ച
കാന്താരി മുളക്‌ മാത്രമാ.. "

അകത്തു നിന്നും വന്ന വേലക്കാരി കദീശയും അവരോടൊപ്പം
ചിരിക്കാൻ തുടങ്ങി. അയാൾ അവിടുന്ന്‌ മെല്ലെ എഴുന്നേറ്റ്‌ നടന്നു. സൈക്കിളിൽ കയറുമ്പോൾ പുറകിൽ നിന്നും ഐശുത്താത്ത വിളിച്ചു പറയുന്നുണ്ടായിരുന്നു
" മൊയ്തൂട്ടീ.. ഇഞ്ഞിത്‌ ഇനി ആരോടും പറയാൻ പോകണ്ടാ.."

മൊയ്തൂട്ടി ഒന്നും മിണ്ടാതെ വീട്ടിലേക്ക്‌ സൈക്കിൾ ആഞ്ഞു
ചവിട്ടി.

Monday, May 2, 2011

അലൂമിനിയപാത്രം (മൊയ്തൂട്ടി-ഭാഗം-1)

കാലത്ത്‌ സമയത്തിന്‌ കട തുറക്കുന്ന സ്വഭാവം മൊയ്തൂട്ടിക്ക്‌
പണ്ടെ ഇല്ല. മൂപ്പര്‌ വിചാരിച്ചാലും കഴിയാറില്ല എന്നതാണ്‌
സത്യം. കവലയിലെ ഏക പലചരക്ക്‌ കടയാണ്‌ അയാളുടേത്‌.
ഗൾഫ്‌ ജീവിതം മതിയാക്കി വന്നതിനു ശേഷമാണ്‌ ഈ കട
തുടങ്ങിയത്‌.

" അനക്കിത്‌ നേരത്തും കാലത്തും തൊറന്നൂടേ മൊയ്തൂട്ടീ "
എന്നാരെങ്കിലും ചോദിച്ചാലോ ! തന്റെ നീണ്ടൂ പുറത്തേക്കുന്തിയ പല്ലുകൾ കാട്ടി കശണ്ടി കയറിയ തലയിൽ ചൊറിഞ്ഞു
കൊണ്ട്‌ വെറുതെ ചിരിക്കും.

പുലർച്ചെ ബാങ്കു വിളി കേൽക്കുമ്പോൾ തന്നെ എഴുന്നേറ്റ്‌
പള്ളിയിൽ പോയി, സുബഹ്‌ നിസ്കാരത്തിൽ പങ്കു ചേർന്ന്‌
തിരിച്ചെത്തിയാലുടൻ  തുടങ്ങുകയായി അയാളുടെ ജോലികൾ.
പശുവും ആടും കോഴികളുമായി മൊയ്തൂട്ടിയുടേയും ഭാര്യ
ജമീലയുടേയും ജീവിതം എപ്പോഴും തിരക്കു പിടിച്ചതായിരുന്നു.
പാല്‌ കറന്നെടുത്ത്‌ ജമീലയെ ഏൽപിച്ച്‌ കഴിഞ്ഞാൽ,
എല്ലാറ്റിനേയും പറമ്പിലേക്ക്‌ മാറ്റി കെട്ടണം. തിന്നാനുള്ളത്‌
കൊടുത്തിട്ട്‌ വേണം തൊഴുത്തും ആട്ടിൻകൂടും വൃത്തിയാക്കാൻ.
അത്‌ കഴിഞ്ഞാൽ കോഴികൾക്ക്‌ തീറ്റയും വെള്ളവും
കൊടുക്കുകയായി. ചുറ്റിലും കമ്പിവലയാൽ മറച്ച വിശാലമായ
കൂട്ടിൽ ഇരുപത്തഞ്ചോളം കോഴികളുണ്ട്‌. അയാളുടെ വരുമാനത്തിന്റെ ഏറിയ പങ്കും ഈ കോഴികളിൽ നിന്നും
നാൽക്കാലികളിൽ നിന്നുമായിരുന്നു. എല്ലാറ്റിനും താങ്ങും
തണലുമായി ജമീലയും അയാളോടൊപ്പം ജോലി ചെയ്തു.

മുട്ടകളെല്ലാമെടുത്ത്‌ ജമീലയെ ഏൽപിക്കാൻ വിളിക്കുമ്പോൾ
പലപ്പോഴും അവൾ തിരക്കിലായിരിക്കും പാല്‌ അളന്നു കുപ്പികളിലാക്കി, അയാൾ പോകുമ്പോൾ കവലയിലെ ചായക്കടയിലും വീടുകളിലും കൊടുക്കാനുള്ളത്‌
തുണി സഞ്ചിയിൽ എടുത്തു വെക്കണം.പിന്നെ അടുത്ത
വീട്ടുകാർ വരുമ്പോൾ അളന്നു കൊടുക്കണം. കുറച്ച്‌
വീട്ടാവശ്യത്തിന്‌ എടുത്തുവച്ചശേഷം ബാക്കിയുള്ളത്‌ മക്കളായ
റഷീദിനും റജീനക്കും ഭർത്താവിനും ചൂടാക്കി വെക്കണം. അതിനു
ശേഷം മാത്രമേ രാവിലത്തെ ചായക്കുള്ള ഒരുക്കങ്ങൾ തുടങ്ങുകയുള്ളൂ.

മൂന്നാം ക്ലാസ്സുകാരനേയും ഒന്നാം ക്ലാസ്സുകാരിയേയും എഴുന്നേൽപിച്ച്‌ കുളിപ്പിച്ച്‌, അയാളുടെ കുളിയും കഴിഞ്ഞ്‌ പോകാൻ തയ്യാറായി വരുമ്പോളേക്കും ജമീല, കഴിക്കാനുള്ളത്‌ മേശപ്പുറത്ത്‌ ഒരുക്കി വച്ചിരിക്കും.

അന്നും മൊയ്തൂട്ടി കട തുറക്കാൻ വൈകിയിരുന്നു.മുട്ടയും പാൽ
സഞ്ചിയും സൈക്കിളിൽ ഒതുക്കി വെക്കുമ്പോളാണ്‌ വലിയ
പുരയിലെ ഐശുത്താത്തയുടെ എടവലത്തെ വീട്ടിലെ ചെറുക്കൻ
കയറിവന്നത്‌.

" എന്താ.... മോനേ...?
" ഐശുത്താത്ത പറഞ്ഞേക്കണ്‌, ഇങ്ങളോട്‌ അവിടം വരെ
ഒന്ന്‌ ചെല്ലാൻ "

ചെറുക്കൻ തല ചൊറിഞ്ഞുകൊണ്ടത്‌ പറയുമ്പോൾ അയാൾ
വാച്ചിലേക്ക്‌ നോക്കി.
" മോനെ ഇപ്പത്തന്നെ ഒരുപാട്‌ വൈകി, ഇഞ്ഞി പോയ്ക്കോ ഞാൻ രാത്രി വരാമെന്നു പറ "
" അല്ല ഇപ്പത്തന്നെ ചെല്ലാൻ പറഞ്ഞു"
അതും പറഞ്ഞ്‌ ചെറുക്കൻ തിരിഞ്ഞു നടക്കാൻ തുടങ്ങി.
ഐശുത്താത്ത എന്തെങ്കിലും കാര്യമില്ലാതെ വിളിപ്പിക്കില്ല.
ഇന്നാട്ടിലെ വലിയ തറവാട്ടുകാരാണവർ. മക്കളെല്ലാം ഗൾഫിലായതിനാൽ അവർക്ക്‌ കൂട്ടായി വേലക്കാരി മാത്രമേയുള്ളൂ. അവരുമായി മൊയ്തൂട്ടിക്ക്‌ നല്ല ബന്ധമാണുള്ളത്‌ അതുകൊണ്ടുതന്നെ അയാൾ സൈക്കിൾ ഇത്താത്തയുടെ വീട്ടിലേക്ക്‌ ആഞ്ഞു ചവിട്ടി.
ഗെയിറ്റു കടന്നു ചെല്ലുമ്പോഴേ കണ്ടു ഐശുത്താത്ത കോലായിൽ തന്നെ ഇരിക്കിണത്‌.
" ബാ... മൊയ്തൂട്ടി ഇരിക്ക്‌, അനക്ക്‌ കുടിക്കാനെന്തെങ്കിലും "

" ഒന്നും ബേണ്ട ഐശുത്ത, ഇപ്പത്തന്നെ ഒരുപാട്‌ വൈകി,
എന്തേ ഇങ്ങള്‌ വിളിപ്പിച്ചത്‌ "
മൊയ്തൂട്ടി കസേരയുടെ അറ്റത്ത്‌ ഒതുങ്ങി ഇരുന്നുകൊണ്ടാണത്‌
പറഞ്ഞത്‌.
വാതിൽ തുറന്നു വച്ചിരിക്കുന്ന ഓഫീസു മുറിയിലേക്ക്‌ കൈ
ചൂണ്ടിയിട്ട്‌ ഇത്താത്ത തുടർന്നു.

" മൊയ്തൂട്ടീ... അനക്ക്‌ ആ കൊട്ടയിലുള്ള പാത്രങ്ങൾക്ക്‌ എന്ത്‌ വെല തരാൻ പറ്റും "
അപ്പോളാണ്‌ അയാളത്‌ ശ്രദ്ധിച്ചത്‌, ഒരു ചൂരൽ കൊട്ട നിറയെ
അലൂമിനിയ പാത്രങ്ങൾ, വലിയ കണ്ണിയുള്ള വലകൊണ്ട്‌ മൂടിക്കെട്ടിയിരിക്കുന്നു. അതിനു ചിറ്റിലും നടന്നു കൊണ്ട്‌ അയാൾ ചോദിച്ചു.
" ഇങ്ങളെന്താ ഐശുത്ത പാത്ര കച്ചവടവും തൊടങ്ങിയോ ! ഇത്രയും പാത്രങ്ങൾ എനിക്കെന്തിനാ !! "
" എടോ.. അനക്കിത്‌ അന്റെ കടയിൽ വച്ചിട്ട്‌ വിറ്റൂടേ ! എനക്കിതിന്റെ കായ്‌ കിട്ടിയാ മതി "
അയാൾ കൊട്ടയ്ക്കരികിൽ ഇരുന്നുകൊണ്ട്‌ പാത്രങ്ങളിലൂടെ
വിരലോടിച്ചു. പല വലിപ്പത്തിലുള്ള പാത്രങ്ങൾ, ഇതേതോ
പാത്ര കച്ചവടക്കാരന്റേതാണെന്നു തോന്നുന്നു.ത്രാസും അതിനകത്ത്‌ കാണൂന്നുണ്ട്‌.
" ഐശുത്ത... ഇത്‌ വല്ല കൊയപ്പോം പിടിച്ച ഏർപ്പാടാണോ !! ഇങ്ങക്കിത്‌ എവ്ട്ന്ന്‌ കിട്ടി. "
" അക്കഥയൊക്കെ പിന്നെ പറയാം... ഇഞ്ഞി പറ.... എത്ര കായ്‌ തരും. "

ഐശുത്താത്ത വിടുന്ന ലക്ഷണമില്ല, എന്തു ചെയ്യണമെന്നറിയാതെ അയാൾ ആലോചനയിൽ മുഴുകി. കവലയിൽ പാത്രക്കടകളൊന്നും തന്നെ ഇല്ല. കടയിൽ വച്ചാൽ വിറ്റുപോകുമെന്ന്‌ ഉറപ്പാണ്‌. ഇത്താത്ത പലപ്പോഴും സാമ്പത്തികമായി സഹായിച്ചതാണ്‌, ഇവിടുത്തെ എന്ത്‌
ആവശ്യത്തിനും തന്നെയാണ്‌ വളിക്കാറ്‌.അവരെ വെറുപ്പിക്കാനും വയ്യ, എന്നാലും...

" ഇഞ്ഞെന്താ... മൊയ്തൂട്ടീ ആലോശിക്കുന്നേ ! "

" ഐശുത്താ... അത്‌... ഇതിനെന്ത്‌ വെല കിട്ടുമെന്നോ... ഇങ്ങക്ക്‌ എത്ര തരണമെന്നോ എനക്കറിയില്ല, അതുകൊണ്ട്‌....

മൊയ്തൂട്ടി പറഞ്ഞു നിർത്തിയിടത്ത്‌ ഐശുത്താത്ത തുടങ്ങി.

" ഇഞ്ഞൊരു കാര്യം ചെയ്‌.... ഒരു രണ്ടായിരം ഉറുപ്പിക ഇങ്ങ്‌
തന്നേക്ക്‌... ഇത്‌ മുയ്മനും വിറ്റാൽ അനക്ക്‌ അതിന്റെ ഇരട്ടിയിൽ
കൂടുതൽ കിട്ടും .. അതുറപ്പാ......"

" എന്നാലും ഇത്താത്ത.. ഇങ്ങള്‌ സത്യം പറ... ഇങ്ങക്കിത്‌
എവ്ട്ന്ന്‌ കിട്ടി... ഇതിന്റെ പേരിൽ വല്ല ഗുലുമാലും ഉണ്ടാകുമോ
എനക്കതാണ്‌ പേടി.. "
അയാൾ തന്റെ ആശങ്ക അറിയിച്ചുകൊണ്ട്‌ കസേരയിൽ വന്നിരുന്നു.

" ഇഞ്ഞി പേടിക്കണ്ട മൊയ്തൂട്ടീ... അനക്കൊരു കൊയപ്പോം
ഉണ്ടാകൂല, അത്‌.. ഒരു ഹിമാർ എന്നെ പറ്റിച്ചു പോയ്ക്കളഞ്ഞു,
അവന്റേതാണിത്‌... "

" ഇങ്ങളൊന്ന്‌ തെളിച്ചു പറയിൻ ഐശുത്താ... "

നേരമില്ലാ നേരത്തും അയാൾ അവരുടെ കഥ കേൾക്കാൻ
തിടുക്കം കൂട്ടി.

ഐശുത്താത്ത കസേരയിൽ അമർന്നിരുന്നു. വേലക്കാരി കദീശ
അയാൾക്ക്‌ കുടിക്കാൻ സർബത്ത്‌ കൊണ്ടു വച്ചിട്ട്‌ പോയി, അയാൾ അതിലേക്കൊന്നും നോക്കാതെ ഐശുത്തയുടെ മുഖത്തേക്ക്‌ തന്നെ നോക്കിയിരുന്നു. അവരാണെങ്കിൽ ഓർത്തോർത്ത്‌ ചിരിച്ചുകൊണ്ട്‌ സംഭവങ്ങൾ വിവരിക്കാൻ തുടങ്ങി..

" ഇന്നലെ വൈകുന്നേരം, ഒരുത്തൻ ഈ കൊട്ടയും തലേല്‌
വച്ചോണ്ട്‌ ഗെയിറ്റിനടുത്ത്‌ വന്നിട്ട്‌ അലൂമിനിയ പാത്രം ബേണോന്ന്‌ ചോദിച്ചു, ഇവിടെ ഒന്നു രണ്ട്‌ പഴയ അലൂമിനിയ പാത്രങ്ങൾ മോളിലത്തെ മുറിയിൽ കിടപ്പുണ്ട്‌, അത്‌ കൊടുത്ത്‌ മാറ്റിയെടുക്കാമെന്നു കരുതി ഞാനവനോട്‌ ഇങ്ങട്ട്‌ വരാൻ പറഞ്ഞു. കദീശ പാത്രങ്ങളെടുക്കാൻ മോളിലേക്കും പോയിരുന്നു, അവൻ കൊട്ട താഴെ വച്ചിട്ട്‌ മൂടിവച്ച വലയൊക്കെ മാറ്റിവച്ചു,
കുനിഞ്ഞു നിന്ന് പാത്രങ്ങൾ നോക്കുകയായിരുന്നു ഞാൻ,
പെട്ടെന്നാണ്‌ എന്റെ കഴുത്തിൽ തൂങ്ങിക്കിടന്ന മാലയും
പിടിച്ച്‌ വലിച്ച്‌, പൊട്ടിച്ചെടുത്തോടിയത്‌. ഞാനവനെ പിടിക്കാൻ
നോക്കിയിട്ട്‌ കിട്ടിയുമില്ല.ഗെയിറ്റുവരെ ഞാനും ഓടി, അനക്ക്‌
നഷ്ടാണേ മോനേ..... അനക്ക്‌ നഷ്ടാണേ മോനേ.... എന്ന്‌ ഞാൻ ഒരുപാട്‌ തവണ അവനോട്‌ വിളിച്ച്‌ പറഞ്ഞേക്കണ്‌. അവനതൊന്നും കേൾക്കാതെ മാലയും കൊണ്ട്‌ ഓടിപ്പോയി...  മണ്ടൻ "

അതും പറഞ്ഞിട്ട്‌ ഐശുത്താത്ത കുലുങ്ങി ചിരിക്കാൻ തുടങ്ങി.
കഥ കേട്ട്‌ മിഴിച്ചിരുന്ന മൊയ്തൂട്ടി പെട്ടന്നു ചോദിച്ചു...
" മണ്ടനോ !!! ഞാനും കണ്ടതാണാ മാല, പത്തു പവനെങ്കിലും
കാണില്ലേ ഐശുത്താ.... "

" ഇഞ്ഞി ഒന്നു പോ മൊയ്തൂട്ടീ... കാൽ കാശിനു വെലയില്ലാത്ത
മുക്കു പണ്ടമാണതെന്ന്‌ ആ പഹയനുണ്ടോ മനസ്സിലായിനും. "

വാ പൊളിച്ചിരുന്ന മൊയ്തൂട്ടി സർബത്തെടുത്തതും കുടിച്ചു
തീർത്തതും പെട്ടെന്നായിരുന്നു. പിന്നെ കച്ചവടമുറപ്പിച്ച്‌,
ആളെ വിട്ട്‌ പാത്രങ്ങളൊക്കെ എടുപ്പിക്കാമെന്നും പറഞ്ഞ്‌
സൈക്കിൾ ആഞ്ഞു ചവിട്ടി.

Saturday, April 9, 2011

വിഷുക്കണി

വിഷുക്കണി കാണാനായ്‌
വീണ്ടുമെത്തും പുലർക്കാലം
കണ്ണുപൊത്തിയുണർത്തീടാൻ
അമ്മയിന്നും കാത്തിരിപ്പൂ

കൊയ്ത്തൊഴിഞ്ഞ പാടമില്ല
കൊയ്ത്താരി പാട്ടുമില്ല
മുറ്റത്തെ മൂവാണ്ടന്മാർ
മൂക്കാതെ പൊഴിയുന്നു

മലയാള പുരമേയും
മഞ്ഞണിഞ്ഞ കൊന്നമരം
ചെറുകുലതൻ പൊതികളിലായ്‌
ചെറു പിള്ളേർ വിൽക്കുന്നു

വിഷുക്കൈനീട്ടവുമായ്‌
വന്നണയും ദേവന്നായ്‌
കിളിപാടും വഴിയോരം
കളമൊഴികൾ കാത്തിരിപ്പൂ

മലയാള കസവണിയും
മറുനാടൻ മലയാളികൾ
വിഷുദിനത്തിൻ ലഹരിയിൽ
വിരഹ ഗാനം പാടുന്നു.

Wednesday, April 6, 2011

നൈവേദ്യം

ശ്രുതി ചേർന്നു പാടുന്ന വേളയിൽ മനസ്സിലെൻ
ശ്രുതിയായ്‌ ലയമായ്‌ നീ വേണമമ്മെ
ഗുരുപൂജ ചെയ്തിടുമടിയന്നാശ്രയം
ഗുരുസമക്ഷത്തെയനുഗ്രഹം മാത്രം

തുടികൊട്ടിപ്പാടുന്ന പുലർകാല വേളയിൽ
തുണയായി വന്നു ഞാൻ നമസ്കരിക്കാം
ജപമന്ത്രമുയരുന്ന ചുറ്റമ്പലത്തിൽ
ജയജഗതമ്മയെ വലം വച്ചിടാം

ശയന പ്രദക്ഷിണ വീഥിയിലമ്മെ ഞാൻ
ശതകോടി ജനങ്ങളിലൊരുവനാകാം
പാവന സന്നിധി തേടുന്നവർ തൻ
പാപങ്ങളൊക്കെയും പൊറുക്കണമേ

നേർച്ചയായ്‌ പാടുന്ന പാട്ടുകേട്ടമ്മെ നീ
നേർവഴിക്കെന്നെ നയിക്കണമെ
നേരുന്നു ഞാനീ പാദപത്മങ്ങളിൽ
നൈവേദ്യമായെന്റെയശ്രുപുഷ്പം